Kerala
തിരുവനന്തപുരം: ബിജെപി പ്രവർത്തകന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ചിറയിൻ കീഴിലാണ് സംഭവം.
രണ്ട് ബൈക്കുകൾ, ഒട്ടോ റിക്ഷ, സ്കൂട്ടി എന്നിവയാണ് കത്തിനശിച്ചത്. ബിജെപി പ്രവർത്തകനായ ബാബുവിന്റെ വീട്ടിലാണ് സംഭവം.
Kerala
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.വി.അൻവറിന്റെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി. കേരള ഫൈനാൻസ് കോർപ്പറേഷന്റെ മലപ്പുറത്തെ ബ്രാഞ്ചിൽ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലായിരുന്നു പരിശോധന.
ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത് നഷ്ടം വരുത്തിയെന്ന വിജിലൻസ് കേസിൽ അൻവർ നാലാം പ്രതിയാണ്. രാവിലെ ആറിന് തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് അവസാനിപ്പിച്ചത്.
അൻവറിന്റെ സഹായി സിയാദിന്റെ വീട്ടിലും പി.വി.അൻവറിന്റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. പരിശോധനയ്ക്കിടെ വീട്ടിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവത്തകര്‍ അന്‍വറിനെ കാണാന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പിന്നാലെ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
അൻവറിൽ നിന്ന് വിശദ വിവരങ്ങൾ തേടിയ ഇഡി ചില രേഖകളും പകർപ്പുകളും കൊണ്ടുപോയി. തുടർ ചോദ്യം ചെയ്യലിനായി അൻവറിനെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്.
National
ചെന്നൈ: നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ചെന്നൈ ഇസിആറിലുള്ള വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പോലീസ് ആസ്ഥാനത്തേക്കാണെത്തിയത്.
തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താനായില്ല. സന്ദേശം അയച്ച ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്കു മുമ്പ് നടി രമ്യ കൃഷ്ണന്റെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അജിത്തിന്റെ വീട്ടിലും ബോംബ് ഭീഷണിയെത്തിയത്.
Kerala
ബംഗളൂരു: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ വിശദമായി പരിശോധിക്കുകയാണ്. കേരളത്തിൽ നിരവധി ഭൂമി ഇടപാടുകൾ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയിരുന്നു.
ഇതിന് സമാനമായി ബംഗളൂരുവിലും ഇയാൾ ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകളും പിടിച്ചെടുത്തതായി സൂചനയുണ്ട്. അതേസമയം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ചെന്നൈയിലെത്തി തെളിവെടുത്തു.
ചെന്നൈ സ്മാർട്ട് ക്രിയേഷനിലാണ് അന്വേഷണ സംഘം തെളിവെടുപ്പിനെത്തിയത്. ഇവിടെ നിന്നും നിർണായക തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് ഗോവർദ്ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് അന്വേഷണ സംഘം സ്വർണം കണ്ടെടുത്തിരുന്നു.
Kerala
കൊച്ചി: നടന് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് ആലുവ പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്. വീടിന്റെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും മോഷണം ആയിരുന്നില്ല ഉദ്ദേശ്യമെന്നും പോലീസ് പറയുന്നു.
Kerala
തിരുവനന്തപുരം: ആശാവർക്കർമാർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘര്‍ഷം. ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
തുടർന്ന് അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയ പോലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സമരക്കാർക്കുനേരെ പോലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പരിഞ്ഞുപോകാൻ അവർ തയാറായില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ കാണാതെ പിരിഞ്ഞുപോകില്ലെന്നാണ് ആശമാരുടെ നിലപാട്. ഇതിനിടെ സമരക്കാരുടെ മൈക്കും സ്പീക്കറും പോലീസ് എടുത്തുമാറ്റിയതും സംഘർഷത്തിൽ കലാശിച്ചു.
യുഡിഎഫ് സെക്രട്ടറി സി.പി.ജോണിനെയും ആശ സമര നേതാവ് എസ്. മിനി, എം.എ.ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റു.
നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത ആശാപ്രവര്‍ത്തകരെ നന്ദാവനം പോലീസ് ക്യാംപിലേക്ക് മാറ്റി.
ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്ഷന് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകൾ എസ്ഐടി സംഘത്തിന് ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ആധാരങ്ങൾ കണ്ടെത്തി. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.
2020നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്.
ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.